2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഗട്ടറിലെ മരണങ്ങള്‍

ചാലക്കുടിക്കടുത്ത് പോട്ടയില്‍ ബൈക്ക് ഗട്ടറില്‍ വീണു യാത്രക്കാരന്‍ ലോറി കയറി മരിച്ച വാര്‍ത്ത‍ ഇന്ന് രാവിലെ ദീപികയില്‍ വായിച്ചു. നമ്മള്‍ മലയാളികള്‍ക്ക് ഇതൊരു സാധാരണ സംഭവം മാത്രം! ഇതിത്ര കണ്ടു പറയാന്‍ എന്തിരിക്കുന്നു, അല്ലെ?

ഇനി, മറ്റൊരു വാര്‍ത്ത‍ - അതും ഇന്ന് രാവിലെ കണ്ടത്. സൌത്ത് ഫ്ലോറിഡയില്‍ 93 വയസ്സുള്ള ഒരു വൃദ്ധന് വര്‍ഷങ്ങളായി സിഗരറ്റ് വലിച്ചു ലങ്ഗ് കാന്‍സര്‍ വന്നു മരിച്ച തന്റെ ഭാര്യയുടെ മരണത്തിനു 5.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം അവിടത്തെ ജൂറി വിധിച്ചിരിക്കുന്നു!

നമുക്ക് ഈ രണ്ടു വാര്‍ത്തകളും ഒന്ന് കൂട്ടി വായിക്കാം. സിഗരറ്റ് വലിക്കുന്നത് ഹാനികരം ആണെന്ന് ഈ ലോകത്തിലെ അത് കൊച്ചു കുട്ടിക്കും അറിയാം. എന്നിട്ടും 73 വയസ്സുള്ള സ്ത്രീയുടെ ലങ്ഗ് കാന്സറിന്റെ ഉത്തരവാദിത്തം സിഗരറ്റ് കമ്പനിക്കാണ് എന്ന് കണ്ടു ശിക്ഷ വിധിച്ചിരിക്കുന്നു ഫ്ലോറിഡയിലെ ജൂറി!

സര്‍ക്കാര്‍ റോഡിലൂടെ വാഹനം ഓടിച്ചു എന്ന ഒരു കുറ്റം മാത്രമേ ആ ചാലക്കുടിക്കാരന്‍ ചെയ്തുള്ളൂ. മരണം പതിയിരിക്കുന്ന റോഡുകളില്‍ നഷ്ടപെടുന്ന ജീവനുകള്‍ക്ക് ഉത്തരം പറയാന്‍ ഏതു ഏജന്‍സി ഉണ്ട്? ജനശ്രദ്ധ ആകര്ഷിച്ചാല്‍ സര്‍ക്കാര്‍ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് നക്കാപിച്ച പോലെ വല്ലതും കൊടുത്താലായി. അല്ലെങ്കില്‍ അതുമില്ല. പോയവര്‍ക്ക് പോയി!

നികുതിദായകര്‍ ഉപയോഗിക്കുന്ന റോഡുകള്‍ യദാസമയം അറ്റകുറ്റപണി നടത്താതെ മരണ കെണികള്‍ തീര്‍ക്കുന്നതാരായാലും അവരെ കുറ്റകരമായ അനാസ്ഥ (criminal negligence) കാട്ടുന്നു എന്ന് കണ്ടു ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മന്ത്രിമാരും വകുപ്പ് തലവന്‍മാരും കോടതി കയറി ഇറങ്ങി സര്‍ക്കാറും കോണ്ട്രാക്ടര്‍മാരും ലക്ഷങ്ങളും കോടികളും നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥ വരുമ്പോള്‍ താനെ ശരിയാവും റോഡുകള്‍.

നഷ്ടപെട്ടതിനു പകരം വയ്ക്കാന്‍ പണം മതിയാവില്ലെങ്കിലും അശ്രദ്ധയും അനാസ്ഥയും അഴിമതിയും തടയാന്‍ ഒരു പരിധി വരെ ഇത്തരം ശിക്ഷണ നടപടികള്‍ക്കാവും എന്ന് അനുഭവം തെളിയിക്കുന്നു.

1 അഭിപ്രായം:

keraladasanunni പറഞ്ഞു...

ടോള്‍പിരിവ് നല്‍കിയിട്ടും കുണ്ടിലും കുഴിയിലും 
വാഹനമോടിക്കാന്‍ വിധിക്കപ്പെട്ടവരുടെ നാടല്ലേയിത്.