2009 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഗട്ടറിലെ മരണങ്ങള്‍

ചാലക്കുടിക്കടുത്ത് പോട്ടയില്‍ ബൈക്ക് ഗട്ടറില്‍ വീണു യാത്രക്കാരന്‍ ലോറി കയറി മരിച്ച വാര്‍ത്ത‍ ഇന്ന് രാവിലെ ദീപികയില്‍ വായിച്ചു. നമ്മള്‍ മലയാളികള്‍ക്ക് ഇതൊരു സാധാരണ സംഭവം മാത്രം! ഇതിത്ര കണ്ടു പറയാന്‍ എന്തിരിക്കുന്നു, അല്ലെ?

ഇനി, മറ്റൊരു വാര്‍ത്ത‍ - അതും ഇന്ന് രാവിലെ കണ്ടത്. സൌത്ത് ഫ്ലോറിഡയില്‍ 93 വയസ്സുള്ള ഒരു വൃദ്ധന് വര്‍ഷങ്ങളായി സിഗരറ്റ് വലിച്ചു ലങ്ഗ് കാന്‍സര്‍ വന്നു മരിച്ച തന്റെ ഭാര്യയുടെ മരണത്തിനു 5.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം അവിടത്തെ ജൂറി വിധിച്ചിരിക്കുന്നു!

നമുക്ക് ഈ രണ്ടു വാര്‍ത്തകളും ഒന്ന് കൂട്ടി വായിക്കാം. സിഗരറ്റ് വലിക്കുന്നത് ഹാനികരം ആണെന്ന് ഈ ലോകത്തിലെ അത് കൊച്ചു കുട്ടിക്കും അറിയാം. എന്നിട്ടും 73 വയസ്സുള്ള സ്ത്രീയുടെ ലങ്ഗ് കാന്സറിന്റെ ഉത്തരവാദിത്തം സിഗരറ്റ് കമ്പനിക്കാണ് എന്ന് കണ്ടു ശിക്ഷ വിധിച്ചിരിക്കുന്നു ഫ്ലോറിഡയിലെ ജൂറി!

സര്‍ക്കാര്‍ റോഡിലൂടെ വാഹനം ഓടിച്ചു എന്ന ഒരു കുറ്റം മാത്രമേ ആ ചാലക്കുടിക്കാരന്‍ ചെയ്തുള്ളൂ. മരണം പതിയിരിക്കുന്ന റോഡുകളില്‍ നഷ്ടപെടുന്ന ജീവനുകള്‍ക്ക് ഉത്തരം പറയാന്‍ ഏതു ഏജന്‍സി ഉണ്ട്? ജനശ്രദ്ധ ആകര്ഷിച്ചാല്‍ സര്‍ക്കാര്‍ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് നക്കാപിച്ച പോലെ വല്ലതും കൊടുത്താലായി. അല്ലെങ്കില്‍ അതുമില്ല. പോയവര്‍ക്ക് പോയി!

നികുതിദായകര്‍ ഉപയോഗിക്കുന്ന റോഡുകള്‍ യദാസമയം അറ്റകുറ്റപണി നടത്താതെ മരണ കെണികള്‍ തീര്‍ക്കുന്നതാരായാലും അവരെ കുറ്റകരമായ അനാസ്ഥ (criminal negligence) കാട്ടുന്നു എന്ന് കണ്ടു ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മന്ത്രിമാരും വകുപ്പ് തലവന്‍മാരും കോടതി കയറി ഇറങ്ങി സര്‍ക്കാറും കോണ്ട്രാക്ടര്‍മാരും ലക്ഷങ്ങളും കോടികളും നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥ വരുമ്പോള്‍ താനെ ശരിയാവും റോഡുകള്‍.

നഷ്ടപെട്ടതിനു പകരം വയ്ക്കാന്‍ പണം മതിയാവില്ലെങ്കിലും അശ്രദ്ധയും അനാസ്ഥയും അഴിമതിയും തടയാന്‍ ഒരു പരിധി വരെ ഇത്തരം ശിക്ഷണ നടപടികള്‍ക്കാവും എന്ന് അനുഭവം തെളിയിക്കുന്നു.

5 അഭിപ്രായങ്ങൾ:

Sherlock പറഞ്ഞു...

ആതമരോഷം പ്രകടിപ്പിച്ച് വെറുതെ ബ്ലഡ് പ്രഷര്‍ കൂട്ടാമെന്നല്ലാതെ ഒരു കോപ്പും നടക്കില്ല ഈ നാട്ടില്‍..:(

ആര്‍ദ്ര ആസാദ് / Ardra Azad പറഞ്ഞു...

മന്ത്രിമാരും വകുപ്പ് തലവന്‍മാരും കോടതി കയറി ഇറങ്ങി സര്‍ക്കാറും കോണ്ട്രാക്ടര്‍മാരും ലക്ഷങ്ങളും കോടികളും നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥ വരുമ്പോള്‍ താനെ ശരിയാവും റോഡുകള്‍.


ബെസ്റ്റ്, നടന്നതുതന്നെ........

നിരക്ഷരൻ പറഞ്ഞു...

വിദേശരാജ്യങ്ങളിലെ അവസ്ഥയുമായി നമ്മുടെ അവസ്ഥ താരതമ്യം ചെയ്യേണ്ടി വന്ന ഇതുപോലുള്ള ഒരവസരത്തില്‍ , അല്‍പ്പം ക്രൂരമായിപ്പോയെങ്കിലും എന്റെയൊരു സുഹൃത്ത് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മവരുന്നു.

“നമ്മള്‍ ദരിദ്രരാജ്യം. പോരാത്തതിന് ജനസം‌ഖ്യയില്‍ രണ്ടാം സ്ഥാനവും. 125 കോടി കീടങ്ങളില്‍ 25 കോടിയെങ്കിലും ബസ്സ് കയറിയോ, മാറാരോഗം വന്നോ, കടലെടുത്ത് പോയോ അവസാനിച്ച് കിട്ടിയാല്‍ അത്രയും നല്ലത് എന്നാകാം ഭരണവര്‍ഗ്ഗത്തിന്റെ ചിന്ത.“

താങ്കള്‍ പറഞ്ഞതുപോലെ, പോയവര്‍ക്ക് പോയി. നാം സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം. അല്ലാതെ മന്ത്രിപുംഗവന്മാര്‍ നാടുനന്നാക്കിയിട്ട് ഈ വക പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.

Basheer Vallikkunnu പറഞ്ഞു...

ഇതൊക്കെയാണ് നമ്മുടെ നാട്. എന്നാലും വെറുക്കാന്‍ കഴിയില്ല. ഇഷ്ടമാണ് ഒരുപാട്. എല്ലാം ശരിയാവുന്ന ഒരു കാലം വരുമായിരിക്കാം.

siva // ശിവ പറഞ്ഞു...

ഈ നാട്ടില്‍ ഇങ്ങനെയൊക്കെയേ നടക്കൂ.... ശരിയായ ആസൂത്രണം ഇല്ലാത്തതാണ് കുഴപ്പം...